അമലുകള്‍ മതിയോ?

ഞങ്ങളുടെ നാട്ടിലൊരു സുഹൃത്തുണ്ട്‌. കാര്യമായ സമ്പാദ്യമൊന്നുമില്ലെങ്കിലും ഉള്ളതുകൊണ്ട്‌ പുണ്യംനേടുന്ന ഭക്തനാണദ്ദേഹം. നാട്ടിലെ പാവങ്ങളെയും പട്ടിണിക്കാരെയും കണ്ടെത്തി സഹായിക്കും. സഹായം ലഭിക്കുന്നവര്‍ക്കു പോലും ചിലപ്പോള്‍ അദ്ദേഹത്തെ അറിയില്ല. അത്രയും സ്വകാര്യമായാണ്‌ സല്‍പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ ദിവസം അദ്ദേഹത്തോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കേ, ചിലര്‍ ഈ സഹായത്തെക്കുറിച്ച്‌ അറിഞ്ഞിട്ടുണ്ടെന്ന്‌ പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞു. ആരെയും അറിയിക്കരുതെന്നും മറ്റുള്ളവര്‍ അറിഞ്ഞുതുടങ്ങിയാല്‍ ഭക്തിയും ആത്മാര്‍ഥതയും നഷ്‌ടപ്പെടുമെന്നും പറഞ്ഞ്‌ അദ്ദേഹം സങ്കടത്തിലായി. അന്നത്തെ ഒരു പത്രം നിവര്‍ത്തി ഒരു ചിത്രം കാണിച്ചുതന്നു. വൃക്കരോഗികള്‍ക്കു സഹായം നല്‍കുന്ന ഒരു മതസംഘടനയുടെ ചിത്രം. സംഘടനയുടെ സകല നേതാക്കളും പുഞ്ചിരിച്ചു നില്‍ക്കുന്ന നെടുനീളന്‍ ചിത്രം! സാധുവായ ആ മനുഷ്യന്റെ മുന്നില്‍ ലജ്ജകൊണ്ട്‌ തലകുനിഞ്ഞുപോയി.

വീണ്ടും വീണ്ടും നമ്മള്‍ പുനപ്പരിശോധിക്കേണ്ട കാര്യമിതാണ്‌: നമ്മുടെ കര്‍മങ്ങളുടെ ലക്ഷ്യമെന്താണ്‌? ഭൗതിക കൗതുകങ്ങളുടെ മുന്നില്‍ പുഞ്ചിരിച്ചുനില്‍ക്കുന്ന അല്‌പന്മാരാകാന്‍ മറ്റുള്ളവരെപ്പോലെ നമ്മളും മത്സരിക്കുന്നുണ്ടോ? അതീവ സ്വകാര്യമായി സല്‍കര്‍മങ്ങളില്‍ മുഴുകുന്ന ആ പാവം മനുഷ്യനെപ്പോലെ കുറേപ്പേരുടെ കൂട്ടായ്‌മയാകേണ്ടതിനു പകരം, പത്രശ്രദ്ധയും പബ്ലിസിറ്റിയും കൊതിക്കുന്നവരാകുമ്പോള്‍ അദ്ദേഹത്തെപ്പോലുള്ളവരുടെ മുന്നില്‍ നമ്മള്‍ വല്ലാതെ ചെറുതായി പോകുന്നില്ലേ? പണം തന്നവരെ ബോധ്യപ്പെടുത്താനാണെങ്കില്‍ ചെറിയൊരു വാര്‍ത്തയിലൊതുക്കാമായിരുന്നു. നമ്മുടെ മനസ്സ്‌ ശുദ്ധമാണെങ്കിലും തെറ്റായ കീഴ്‌വഴക്കങ്ങള്‍ക്ക്‌ അതു കാരണമായേക്കാം. പക്ഷേ, നമ്മുടെ ഉള്ളിലും പാടില്ലാത്ത കൗതുകങ്ങള്‍ കൂടുകൂട്ടുന്നുണ്ടോ?

അല്ലാഹുവിങ്കലേക്ക്‌ മടങ്ങിച്ചെല്ലേണ്ടി വരുമല്ലോ എന്ന്‌ പേടിച്ച്‌ വിറച്ച്‌ ദാനങ്ങള്‍ ചെയ്യുന്നവരെക്കുറിച്ചുള്ള ഖുര്‍ആന്‍ വചനത്തെക്കുറിച്ച്‌ (അല്‍മുഅ്‌മിനൂന്‍ 60) ആഇശ(റ) തിരുമേനിയോട്‌ ഒരു സംശയം ചോദിക്കുന്നുണ്ട്‌. തിരുനബി(സ) നല്‌കുന്ന മറുപടി ഇങ്ങനെയായിരുന്നു: ``അബൂബക്‌റിന്റെ മകളേ, നോമ്പെടുക്കുകയും നമസ്‌കരിക്കുകയും ദാനം നല്‌കുകയും ചെയ്യുമ്പോഴും അതൊന്നും അല്ലാഹു സ്വീകരിക്കുകയില്ലേ എന്ന്‌ ഭയക്കുന്നവരാണവര്‍!'' (തിര്‍മിദി -ജാമിഅ്‌ 3174)

വേണ്ടുവോളം ആത്മാര്‍ഥതയുണ്ടായിട്ടും വല്ല പിശകും വന്നാല്‍ എല്ലാം വിഫലമായിത്തീരുമോ എന്ന അശങ്കയാണ്‌ വിശ്വാസികളിലുണ്ടാകേണ്ടത്‌. എത്രയും രഹസ്യമാവുക തന്നെയാണ്‌ അതിനുള്ള പോംവഴി. പരസ്യമായി ചെയ്യേണ്ട നമസ്‌കാരത്തിലെ ആത്മാര്‍ഥതയെക്കുറിച്ച്‌ അല്ലാഹുവും റസൂലും കൂടുതല്‍ ഓര്‍മിപ്പിച്ചതും അതുകൊണ്ടാണല്ലോ.

അലി(റ)യുടെ പൗത്രന്‍ സൈനുല്‍ആബിദീന്റെ മയ്യിത്ത്‌ കുളിപ്പിക്കുന്നവര്‍ അദ്ദേഹത്തിന്റെ മുതുകില്‍ ഒരു വലിയ തഴമ്പ്‌ കണ്ടുവത്രെ. ഭാര്യക്ക്‌ പോലും അതിന്റെ കാരണം മനസ്സിലായില്ല. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ അന്നാട്ടില്‍ പാവങ്ങള്‍ താമസിക്കുന്ന പ്രദേശത്ത്‌ പട്ടിണി പരന്നു. അതുവരെ ആരാണ്‌ അവര്‍ക്ക്‌ ഭക്ഷണമെത്തിച്ചത്‌? അപ്പോഴാണ്‌ സൈനുല്‍ ആബിദീന്റെ മുതുകിലെ തഴമ്പിന്‌ കാരണം കണ്ടെത്തിയത്‌! ഇതാണ്‌ ആത്മാര്‍ഥത. പാതിരാവില്‍ പാവങ്ങളുടെ വാതില്‍പ്പടിയില്‍ ഭക്ഷണമെത്തിച്ച ഭക്തിയാണത്‌. ആ ഓര്‍മയുടെ മുന്നിലാണ്‌ നമ്മള്‍ ചെറുതായിപ്പോകുന്നത്‌.

അല്ലാഹുവിനെക്കുറിച്ച പ്രതീക്ഷയാണ്‌ നമ്മുടെയുള്ളില്‍ നിറയേണ്ടത്‌. പ്രലോഭനങ്ങളുടെ മുന്നിലൊന്നും പതറിപ്പോകാത്ത സുദൃഢമായ ലക്ഷ്യബോധമാണത്‌. അതുകൊണ്ടേ കാര്യമുള്ളൂ. അമലുകള്‍ അല്ല നമുക്കുവേണ്ടത്‌. അമലുസ്സ്വാലിഹാത്തുകളാണ്‌. അത്‌ എളുപ്പം സാധിക്കുന്നതല്ലല്ലോ.

ഇമാം ഹസന്‍ ബസ്വരി പറയുന്നു: ``ചില സ്വഹാബികളെ ഞാന്‍ കണ്ടിട്ടുണ്ട്‌. അവരുടെ സല്‍കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ലേ എന്ന്‌ ആശങ്കിക്കുന്നവരായിരുന്നു അവരെല്ലാം. പാപങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുമല്ലോ എന്ന്‌ നിങ്ങള്‍ പേടിക്കുന്നതിലേറെ!'' (ഖുര്‍ത്വുബി- ജാമിഉഅഹ്‌കാമില്‍ ഖുര്‍ആന്‍ 12:132)

``ജനങ്ങളേ നിങ്ങളില്‍ ഇന്ന വ്യക്തിയൊഴിച്ച്‌ ബാക്കിയുള്ളവരെല്ലാം സ്വര്‍ഗത്തില്‍ പ്രവേശിച്ചോളൂ'' എന്ന്‌ പറയപ്പെടുമ്പോള്‍ ഒഴിച്ചുനിര്‍ത്തപ്പെട്ട വ്യക്തി ഞാനായിരിക്കുമോ എന്നാണെന്റെ പേടി'' എന്ന്‌ ഉമര്‍ഫാറൂഖ്‌(റ) പോലും ആശങ്കിക്കുന്നുണ്ട്‌. (അബൂനഈം -ഹില്‍യതുല്‍ ഔലിയാ 75)

നല്ല പ്രവര്‍ത്തനങ്ങള്‍ എത്ര ചെയ്‌താലും നമുക്ക്‌ മതിവരരുത്‌. കര്‍മങ്ങള്‍ വീണ്ടും വീണ്ടും പരിശോധിക്കപ്പെടണം. ലക്ഷ്യബോധവും ആത്മാര്‍ഥതയും കണിശമായി നിര്‍ണയിക്കപ്പെടണം. ഇല്ലെങ്കില്‍ നഷ്‌ടം നമുക്കു തന്നെയായിരിക്കും. ``അവരുടെ കര്‍മങ്ങള്‍ അല്ലാഹു അവര്‍ക്ക്‌ കാണിച്ചുകൊടുക്കും. അതവര്‍ക്ക്‌ സങ്കടത്തിന്‌ കാരണമാകും.'' (2:167) ഈ വചനം ഇനിയുമിനിയും നമ്മെ അസ്വസ്ഥരാക്കട്ടെ.

Make a Free Website with Yola.