വാര്‍ധക്യത്തില്‍ ഓര്‍ത്തുവെക്കേണ്ടത്‌PDFPrintE-mail

വാര്‍ധക്യത്തിലെത്തിയ റോബര്‍ട്‌സ്‌ പ്രഭുവിന്റെ ചിത്രമെടുക്കാനെത്തിയ ഫോട്ടോഗ്രാഫറോട്‌ അദ്ദേഹം

 പറഞ്ഞതിങ്ങനെ: ``എന്റെ മുഖം അത്ര സുന്ദരമല്ല. എങ്കിലും നിങ്ങളുടെ കഴിവനുസരിച്ച്‌ ഫോട്ടോ

 എടുത്തോളൂ. എന്നാല്‍, എന്റെ മുഖത്തെ ചുളിവുകള്‍ മാറ്റിക്കളയരുത്‌. കാരണം, അവയാണ്‌ എന്റെ

 ജീവിതത്തിന്റെ നേട്ടങ്ങള്‍.''

അനേകം ജീവിതാനുഭവങ്ങളില്‍ കൂടി കടന്നുപോയതിന്റെ സമ്പാദ്യങ്ങളാണ്‌ വാര്‍ധക്യത്തിന്റെ

 അടയാളങ്ങളെന്ന ഓര്‍മപ്പെടുത്തലാണിത്‌. അഭിമാനത്തോടെയുള്ള ഈ സ്വരം വാര്‍ധക്യത്തിലെത്തിയ 

അധികമാളുകളില്‍ നിന്നും കേള്‍ക്കാറില്ല. ജീവിത സായാഹ്നത്തെ ശാപമായി കാണാതെ, കൂടുതല്‍

 ഉത്സാഹത്തോടെ മുന്നേറാനുള്ള ഊര്‍ജമായി കരുതുന്നവര്‍ക്ക്‌ യൗവ്വനം തീരാത്ത മനസ്സ്‌ കൈവരും.

 യൗവനത്തിലേ വൃദ്ധരാകുന്നവര്‍ക്കിടയില്‍ വാര്‍ധക്യത്തിലും യുവാവായി ജീവിക്കാന്‍ 

അങ്ങനെയുള്ളവര്‍ക്ക്‌ സാധിക്കും. ജീവിത സായാഹ്നത്തെ മനോഹരമാക്കാന്‍ നാലു ഉപദേശങ്ങള്‍

 നല്‌കപ്പെടാറുണ്ട്‌.

1). യാഥാര്‍ഥ്യത്തെ അംഗീകരിക്കുക. ജീവിതത്തിലെ അനിവാര്യമായ ഒരവസ്ഥയായി വാര്‍ധക്യത്തെ

 കാണുക. നിഷേധിക്കുകയോ ഒളിച്ചോടുകയോ ചെയ്യാതെ പക്വതയുള്ള മനോഭാവം പുലര്‍ത്തുക.

2). ഹൃദയത്തില്‍ യുവത്വം സൂക്ഷിക്കുക. ഉന്മേഷവും ഉത്സാഹവും സംരക്ഷിക്കുക. പണ്ടൊരാള്‍ 

പറഞ്ഞു: I am 70 years young -ഞാന്‍ എഴുപത്‌ വയസ്സുള്ള യുവാവാണ്‌. നിഷേധഭാവത്തില്‍

 നിരാശയോടെ ജീവിക്കാതെ പ്രതീക്ഷയോടെയുള്ള ജീവിതമാണിത്‌. ജയിലില്‍ കഴിഞ്ഞ വൃദ്ധനായ

 ഒരാള്‍ എഴുതി: ``പഴയ കാലത്തെ മറന്ന്‌ പുതിയകാലം സ്വപ്‌നം കണ്ട്‌ ഞാന്‍ ജീവിക്കുന്നു.''

3). സേവനങ്ങള്‍ ചെയ്യാനും നല്ല കര്‍മങ്ങള്‍ ചെയ്യാനും ഉത്സാഹിക്കുക. എല്ലാം കഴിഞ്ഞുവെന്ന്‌ ചിന്തിച്ച്‌ 

കഴിഞ്ഞുകൂടരുത്‌. വാര്‍ധക്യത്തില്‍ പല രംഗത്തും നേട്ടങ്ങള്‍ കൈവരിച്ച മഹാന്മാരെക്കുറിച്ച്‌ ഒരാള്‍ 

പഠനം നടത്തുകയുണ്ടായി. അറുപതും എഴുപതും കഴിഞ്ഞവര്‍ പോലും കാര്യക്ഷമത കൈവിടാതെ

 പ്രവര്‍ത്തിക്കുന്നുവെന്ന്‌ അതില്‍ പറയുന്നു. ഗ്‌ളാസ്റ്റണ്‍ എണ്‍പത്തിമൂന്നാം വയസ്സില്‍ ഇംഗ്ലണ്ടിന്റെ

 പ്രധാനമന്ത്രിയായി. മൈക്കല്‍ ആഞ്ചലോ `അന്ത്യ ന്യായവിധി' എന്ന ലോകപ്രസിദ്ധ ചിത്രം രചിച്ചത്‌ 

അറുപത്തിയാറാം വയസ്സിലാണ്‌. വാര്‍ധക്യത്തിലും നേട്ടങ്ങള്‍ കൈവരിച്ച അനേകം ആളുകളുണ്ട്‌.

4). ജീവിതത്തിന്റെ നാഴികക്കല്ലുകള്‍ ഓരോന്നായി കടന്നുനീങ്ങുമ്പോള്‍ മരണത്തെയും അതിന്നപ്പുറമുള്ള 

മഹത്വത്തെയും നാം മുന്നില്‍ കാണണം. വാര്‍ധക്യത്തിലെത്തിയ ഒരാളുടെ പ്രാര്‍ഥനയുണ്ട്‌. എല്ലാവര്‍ക്കും

 പ്രചോദനമായിരിക്കും അത്‌: ``എന്റെ ദൈവമേ, ഞാന്‍ വാര്‍ധക്യത്തിലേക്ക്‌ എത്തുകയാണെന്ന്‌ ഞാന്‍

 അറിയുന്നതിനെക്കാള്‍ നീ അറിയുന്നുണ്ട്‌. ഞാന്‍ നിന്നോട്‌ തേടുന്നു: അമിതമായ സംസാരപ്രിയത്തില്‍

 നിന്ന്‌ എന്നെ കാത്തുകൊള്ളേണമേ. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ ഞാന്‍ നേരെയാക്കുമെന്നുള്ള 

വ്യാമോഹത്തില്‍ നിന്നും എന്നെ മോചിപ്പിക്കേണമേ, എന്നെ ചിന്താശീലനാക്കേണമേ. എന്റെ വിജ്ഞാനം

 പ്രയോജനപ്പെടുത്താനും ജീവിത സായാഹ്നത്തിലും നല്ല സ്‌നേഹിതന്മാരെ ലഭിക്കാനും നീ 

സഹായിക്കേണമേ. വസ്‌തുക്കള്‍ വളച്ചുകെട്ടിയോ വലിച്ചുനീട്ടിയോ പറയാതെ വസ്‌തുനിഷ്‌ഠമായി

 പറയാന്‍ സഹായിക്കേണമേ. എന്റെ വേദനകളെയും രോഗങ്ങളെയും പറ്റി പറയാതെ നാവിനെ

 നിയന്ത്രിക്കേണമേ. എന്തെന്നാല്‍ അവ വര്‍ധിക്കുന്നതോടൊപ്പം മറ്റുള്ളവരെ അറിയിക്കാനുള്ള 

ആഗ്രഹവും വര്‍ധിക്കുന്നു. മറ്റുള്ളവരുടെ സംസാരം ക്ഷമയോടെ കേള്‍ക്കാനുള്ള മനസ്സ്‌ നീ നല്‌കേണമേ.

 ഇഷ്‌ടത്തോടെയും സന്തോഷത്തോടെയും ജീവിപ്പിക്കേണമേ. ജീവിതത്തിന്റെ നല്ല വശങ്ങള്‍ 

ആസ്വദിക്കാനും അവ നഷ്‌ടപ്പെടുത്താതിരിക്കാനും എന്നെ സഹായിക്കേണമേ.''

സ്ഥിരോത്സാഹമാണ്‌ വാര്‍ധക്യത്തെയും ജീവിതത്തെയാകെയും സന്തോഷമുള്ളതാക്കുന്നത്‌. തളര്‍ച്ചകളില്‍

 പിന്മാറാതെ, തകര്‍ച്ചയില്‍ പതറാതെ പ്രതിസന്ധികളെ അതിജീവിക്കാന്‍ അവര്‍ക്കേ സാധിക്കൂ. 

നൂറു മീറ്റര്‍ ഓട്ടക്കാരനും മാരത്തോണ്‍ ഓട്ടക്കാരനും തമ്മില്‍ വ്യത്യാസമുണ്ട്‌. നൂറുമീറ്റര്‍ ഓട്ടക്കാരന്‍ 

ആദ്യത്തെ കുതിപ്പില്‍ മുന്നേറുന്നു. എന്നാല്‍ മാരത്തോണ്‍ ഓട്ടക്കാരന്‍ വിജയിക്കുന്നതിന്റെ കാരണം,

 ഓരോ കിലോമീറ്റര്‍ പിന്നിടുമ്പോഴും പിടിച്ചുനില്‌ക്കാനുള്ള നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും

 കൊണ്ടാണ്‌. മാരത്തോണ്‍ ഓട്ടമാണ്‌ നമ്മുടെ ജീവിതം.

സ്ഥിരോത്സാഹത്തോടെ മുന്നേറാനുള്ള പിന്തുണയാണ്‌ വിശുദ്ധ ഖുര്‍ആന്‍ നല്‌കുന്നത്‌. നര ബാധിച്ചിട്ടും

 പ്രതീക്ഷ കൈവിടാതെ പ്രാര്‍ഥിക്കുന്ന സകരിയ്യാ നബി(അ), ജീവിതസായാഹ്നത്തിലും വിപ്ലവജ്വാലയായി

 ശോഭിച്ച ഇബ്‌റാഹീം നബി(അ), രോഗംകൊണ്ടും വാര്‍ധക്യം കൊണ്ടും വിഷമിച്ച അയ്യൂബ്‌ നബി(അ),

 യഅ്‌ഖൂബ്‌ നബി(അ) എന്നിവരെ ഖുര്‍ആന്‍ നമുക്ക്‌ പരിചയപ്പെടുത്തുന്നു.

you can not control the length of your life, but you can control its breadth, depth and height (ആയുസ്സ്‌

 വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയില്ല. കിട്ടിയ ആയുസ്സ്‌ അര്‍ഥവത്താക്കാന്‍ കഴിയും) എന്നൊരു 

പഴഞ്ചൊല്ലുണ്ട്‌. ആദരിക്കപ്പെടേണ്ടവരാണ്‌ വാര്‍ധക്യത്തിലെത്തിയവര്‍. അവരുടെ ജീവിതാനുഭവങ്ങള്‍

 ശേഖരിക്കേണ്ടവരാണ്‌ പുതുതലമുറ. നല്ല ചിന്തയും നല്ല ശീലവും കൊണ്ട്‌ വാര്‍ധക്യം ധന്യമാകട്ടെ. 

ഓര്‍ക്കുക; ``ഇരുന്ന്‌ തുരുമ്പിക്കുന്നതിനേക്കാള്‍ ഉത്തമം പ്രവര്‍ത്തിച്ച്‌ തേഞ്ഞുപോകുന്നതാണ്‌.''


Make a Free Website with Yola.