അറബി ഒരു അന്താരഷ്‌ട്ര ഭാഷ

ഡോ. ടി പി അബ്‌ദുര്‍റശീദ്‌


റബ്‌ ലീഗില്‍ അംഗങ്ങളായ ഇരുപത്തിരണ്ട്‌ രാഷ്‌ട്രങ്ങളിലെ പന്ത്രണ്ട്‌ കോടി ജനങ്ങളുടെ മാതൃഭാഷ, മുപ്പത്‌ കോടിയോളം ജനങ്ങള്‍ വായിച്ചു ഗ്രഹിക്കുന്ന ഭാഷ, എണ്‍പത്‌ കോടി ജനങ്ങള്‍ ഗ്രഹിച്ചോ ഗ്രഹിക്കാതെയോ പാരായണം ചെയ്യുന്ന ഭാഷ, 120 കോടി ജനങ്ങള്‍ ആദരിക്കുന്ന ഭാഷ എന്നീ നിലകളില്‍ അറബി ഭാഷക്ക്‌ ലോകഭാഷകളില്‍ പ്രമുഖ സ്ഥാനമാണുള്ളത്‌. നൂഹ്‌ നബി(അ)യുടെ മകന്‍ സാമിന്റെ കാലം മുതല്‍ സംസാരിച്ചു തുടങ്ങിയ സെമിറ്റിക്‌ ഭാഷകളില്‍ നിന്ന്‌ ക്രമേണ ഉരുത്തിരിഞ്ഞു വന്ന ഒരു സ്വതന്ത്രഭാഷ എന്ന നിലയ്‌ക്ക്‌ അറബിഭാഷക്ക്‌ മഹത്തായ പൈതൃകമാണുള്ളത്‌.

മധ്യകാല ഘട്ടത്തില്‍ നൂറ്റാണ്ടുകളോളം അറബി ഭാഷ ലോകത്ത്‌ പരിഷ്‌കരണത്തിന്റെയും സംസ്‌കാരത്തിന്റെയും വിജ്ഞാനത്തിന്റെയും പുരോഗമനചിന്തയുടെയും ഭാഷയായി വര്‍ത്തിച്ചു. ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍ തത്വചിന്ത, വൈദ്യശാസ്‌ത്രം, ചരിത്രം, മതം, വാനശാസ്‌ത്രം, ഭൂമി ശാസ്‌ത്രം എന്നീ വിജ്ഞാന വിഭാഗങ്ങളില്‍ മറ്റേത്‌ ഭാഷകളിലേതിനേക്കാള്‍ കൂടുതല്‍ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്‌ അറബിയിലാണ്‌.

കേരളക്കാര്‍ക്ക്‌ ഈ ഭാഷയുമായി മുഹമ്മദ്‌ നബി(സ)യുടെ കാലത്തിന്‌ മുമ്പു തന്നെ ബന്ധമുണ്ടായിരുന്നു. ഇബ്‌റാഹീം നബി(അ)യുടെ കാലം മുതല്‍ തന്നെ കേരളീയരും അറബികളും തമ്മില്‍ ഹജ്ജ്‌, കച്ചവടം എന്നീ ആവശ്യാര്‍ഥം ബന്ധപ്പെട്ടിരുന്നു എന്ന്‌ അനുമാനിക്കപ്പെടുന്നു. അതിപുരാതന കാലം മുതല്‍ക്കേ അറബികള്‍ കച്ചവടത്തിനായി കേരളത്തില്‍ വന്നുകൊണ്ടിരുന്നതും അവരും കേരളീയരും തമ്മിലുണ്ടായിരുന്ന സ്‌നേഹ ബന്ധവും അറബി ഭാഷക്ക്‌ കേരളത്തില്‍ വന്‍ സ്വാധീനമാണുണ്ടാക്കിക്കൊടുത്തത്‌. കൊടുങ്ങല്ലൂരിലെ രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ചതും പ്രവാചകനെ കാണാനായി മക്കയിലേക്ക്‌ പുറപ്പെട്ടതും ശഹര്‍ മുഖല്ലയില്‍ വെച്ച്‌ മരണമടഞ്ഞതും അവിടെത്തന്നെ മറവുചെയ്യപ്പെട്ടതും സുവിദമാണ്‌. കോഴിക്കോട്ടെ സാമൂതിരി രാജാവ്‌ അറബികളെ സാദരം സ്വീകരിച്ചതും അവര്‍ക്ക്‌ വീടുകള്‍ നിര്‍മിക്കാന്‍ സ്ഥലമനുവദിച്ചതും, അങ്ങനെ ജിഫ്രി, ബാഫഖി, മഖ്‌ദും, ബറാമി തുടങ്ങിയ കുടുംബങ്ങള്‍ കേരളത്തില്‍ താമസമാക്കിയതും ചരിത്രപ്രസിദ്ധമാണ്‌. അറബി അന്ന്‌ കോഴിക്കോട്ടെ വര്‍ത്തക ഭാഷയായിരുന്നു. സാമൂതിരി രാജാവിന്റെ കത്തുകള്‍ അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിരുന്നത്‌ സൈനുദ്ദീന്‍ അല്‍മഖ്‌ദൂം ആയിരുന്നു. ഇന്ത്യയ്‌ക്ക്‌ `ഹിന്ദ്‌' എന്ന നാമധേയവും ഇന്ത്യയുടെ പശ്ചിതസമുദ്രത്തിന്‌ `അറബിക്കടല്‍' എന്ന പേരും ഇന്ത്യാ-അറബി ബന്ധത്തിന്റെ സ്‌മാരകങ്ങളായി നിലകൊള്ളുന്നു. ആയിരക്കണക്കിന്‌ അറബി പദങ്ങള്‍ മലയാളഭാഷയിലും ഇതര ഇന്ത്യന്‍ ഭാഷകളിലും ലയിച്ചു ചേര്‍ന്നതായി കാണാം.

ഇന്ത്യയില്‍ അറബി ഭാഷയ്‌ക്ക്‌ ഏറ്റവും കൂടുതല്‍ പ്രചാരം സിദ്ധിച്ചിട്ടുള്ളത്‌ കേരളത്തിലാണ്‌. ഇവിടുത്തെ മുസ്‌ലിം പണ്ഡിതന്മാര്‍ പണ്ടു മുതല്‍ക്കെ അറബിയില്‍ മഹല്‍ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ ഫത്‌ഹുല്‍മുഈനും തുഹ്‌ഫത്തുല്‍ മുജാഹിദീനും ലോകപ്രസിദ്ധമാണ്‌. വ്യാകരണം, ഫിഖ്‌ഹ്‌, ഭാഷാ പഠനത്തിനുതകുന്ന മറ്റനവധി ഗ്രന്ഥങ്ങളും, വളരെയേറെ അറബിക്കവിതകളും ഈ മണ്ണില്‍ വിരചിതമായിട്ടുണ്ട്‌. ഇപ്പോള്‍ കേരളീയര്‍ പഠിക്കുന്ന ഭാഷകളില്‍ മൂന്നാം സ്ഥാനവും കേരള മുസ്‌ലിംകള്‍ പഠിക്കുന്ന ഭാഷകളില്‍ രണ്ടാം സ്ഥാനവും അറബി ഭാഷയ്‌ക്കാണ്‌. കേരളത്തിലെ അഞ്ച്‌ യൂണിവേഴ്‌സിറ്റികളില്‍ (കാലിക്കറ്റ്‌, കേരള, കണ്ണൂര്‍, മഹാത്മാഗാന്ധി, ശ്രീശങ്കരാചാര്യ) അറബിയില്‍ ബിരുദാനന്തര, ഗവേഷണ സൗകര്യമുണ്ട്‌. ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, ജാമിഅ മില്ലിയ, ഡല്‍ഹി യുനിവേഴ്‌സിറ്റി, അലീഗര്‍, ഇഫ്‌ളു തുടങ്ങി ഇരുപതിലധികം യൂനിവേഴ്‌സിറ്റികളില്‍ അറബിയില്‍ ഗവേഷണ സൗകര്യമുണ്ട്‌. കേരളത്തിലെ ആറായിരത്തിലധികം സ്‌കൂളുകളില്‍ പതിനായിരത്തിലധികം അധ്യാപകര്‍ അറബി ഭാഷ പഠിപ്പിക്കുന്നു. പതിനൊന്ന്‌ എയ്‌ഡഡ്‌ അറബിക്‌ കോളെജുകളിലും ഇരുപതോളം അണ്‍എയ്‌ഡഡ്‌ അറബിക്‌ കോളെജുകളിലും പള്ളി ദര്‍സുകളിലും ആയിരക്കണക്കിന്‌ മദ്‌റസകളിലും അറബി ഭാഷ പഠിപ്പിക്കപ്പെടുന്നു. കേരളത്തില്‍ പത്തിലധികം അറബി മാസികകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌. തകഴിയുടെ ചെമ്മീന്‍ കുമാരനാശാന്റെ വീണപൂവ്‌ തുടങ്ങിയ സാഹിത്യകൃതികള്‍ മലയാളികളായ അറബി സാഹിത്യകാരന്മാര്‍ അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. കൂടാതെ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ അബുല്‍കലാം ആസാദ്‌, രബീന്ദ്രനാഥ ടാഗോര്‍, ശശി തരൂര്‍, കമല സുരയ്യ തുടങ്ങി ഒട്ടനവധി ഇന്ത്യന്‍ സാഹിത്യകാരന്മാരുടെ കൃതികളും അറബിയിലേക്ക്‌ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്‌. അറബി ഭാഷയിലെ പ്രസിദ്ധ കൃതികള്‍ മലയാളത്തിലേക്കും മറ്റു ഇന്ത്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തപ്പെട്ടിട്ടുണ്ട്‌. നജീബ്‌ മഹ്‌ഫൂള്‌, ത്വാഹാ ഹുസൈന്‍, ഖലീല്‍ ജിബ്രാന്‍ എന്നിവരുടെ കൃതികള്‍ ഇവയില്‍ പ്രത്യേകം സ്‌മരണീയമാണ്‌. ഇന്ത്യയില്‍ എഴുതപ്പെട്ട മൗലാനാ അബുല്‍ഹസന്‍ നദ്‌വിയുടെയും സൈനുദ്ദീന്‍ മഖ്‌ദൂമിന്റെയും അലി കൊച്ചനൂര്‍ മൗലവിയുടെയും അറബി ഗ്രന്ഥങ്ങള്‍ അറേബ്യന്‍ യൂനിവേഴ്‌സിറ്റികളില്‍ പാഠപുസ്‌തകങ്ങളായി ഇന്നും ഉപയോഗിച്ചുവരുന്നു.

അറേബ്യന്‍ ഉപദ്വീപില്‍ ജന്മംകൊണ്ട ഈ ഭാഷ നാവിക വാണിജ്യ ബന്ധങ്ങളിലൂടെ കരയും കടലും കടന്ന്‌ വിവിധ നാടുകളില്‍ ചെന്നെത്തി. ഏഴാം ശതകത്തിന്റെ ആരംഭത്തില്‍ ഇസ്‌ലാമിന്റെ പ്രയാണവും വിശുദ്ധ ഖുര്‍ആന്റെ പ്രചരണവും വഴി അറബിഭാഷ വ്യാപകമായി അയല്‍നാടുകളല്‍ പ്രചരിച്ചു. ഇന്നത്‌ ഐക്യരാഷ്‌ട്ര സഭയും അതിന്റെ ഉപഘടകങ്ങളും അംഗീകരിക്കുന്ന അന്താരാഷ്‌ട്ര ഭാഷയാണ്‌.

കേരള മുസ്‌ലിംകള്‍ അറബി ഭാഷ അഭ്യസിച്ചത്‌ അത്യുല്‍ക്കടമായ അഭിനിവേശത്തോടെയായിരുന്നു. മലയാള ഭാഷ പോലും അറബി അക്ഷരങ്ങളിലായിരുന്നു അവര്‍ എഴുതിയിരുന്നത്‌. അങ്ങനെയാണ്‌ അറബി-മലയാള ലിപിയുണ്ടായത്‌.

അറബി മണ്ണില്‍ പെട്രോള്‍ കണ്ടുപിടിച്ചതോടെ അറബി രാജ്യങ്ങള്‍ സമ്പന്നമാവുകയും സമ്പന്ന രാഷ്‌ട്രങ്ങളുടെ മാതൃഭാഷ എന്ന സ്ഥാനം അറബി ഭാഷയ്‌ക്ക്‌ കൈവരികയും ചെയ്‌തു. അതോടെ ആ രാഷ്‌ട്രങ്ങളില്‍ ധാരാളക്കണക്കിന്‌ തൊഴിലവസരങ്ങളുണ്ടായി. അറബി ഭാഷ പഠിക്കാന്‍ വളരെയേറെ പേര്‍ ആകൃഷ്‌ടരായി മുന്നോട്ടുവന്നു. ഇന്ന്‌ അറബിയും ഇംഗ്ലീഷും അറിയുന്നവര്‍ക്ക്‌ അറബിരാജ്യങ്ങളില്‍ ഓഫീസുകളിലും പത്രങ്ങളിലും ആശുപത്രികളഇലും എംബസികളിലും കമ്പനികളിലും പ്രസിദ്ധീകരണാലയങ്ങളിലും മറ്റുമായി ഏറെ തൊഴിലവസരങ്ങളുണ്ട്‌. കൂടാതെ ഐക്യരാഷ്‌ട്ര സഭയുടെ സ്ഥാപനങ്ങളിലും അമേരിക്ക, യു കെ, ജാപ്പാന്‍, ആസ്‌ത്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലും അറബി ഭാഷയും ഇംഗ്ലീഷുമറിയുന്ന ദ്വിഭാഷികളെ ആവശ്യമുണ്ട്‌.

മറ്റേത്‌ ഭാഷയുമായി താരതമ്യപ്പെടുത്തിയാലും അവക്കൊന്നുമില്ലാത്ത പ്രാധാന്യം അറബി ഭാഷക്കുണ്ടെന്ന്‌ കാണാം. നാലായിരത്തില്‍ പരം വര്‍ഷം പഴക്കമുണ്ടായിട്ടും, അനേകം തലമുറകളായി ലക്ഷോപലക്ഷം ജനസമൂഹങ്ങള്‍ കൈകാര്യം ചെയ്‌തിട്ടും ശുദ്ധിക്കോ തനിമക്കോ മൗലികതക്കോ ഒട്ടും പോറലേല്‍ക്കാത്ത, പഴമയും പുതുമയും സമഞ്‌ജസമായി സമ്മേളിച്ച ഏക ഭാഷയാണിത്‌. മധ്യകാല നൂറ്റാണ്ടുകളില്‍ ഭൂമുഖത്ത്‌ എഴുതപ്പെട്ട ശാസ്‌ത്ര-സാങ്കേതിക-വൈജ്ഞാനിക ഗ്രന്ഥങ്ങളെല്ലാം അതേ കാലഘട്ടത്തില്‍ തന്നെ അറബിഭാഷയില്‍ ലോകത്തിന്‌ ലഭ്യമാക്കാന്‍ ഈ ഭാഷയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അതുപോലെ ഗ്രീക്ക്‌ ഭാഷയിലും സംസ്‌കൃതത്തിലുമുള്ള പ്രാചീന ഗ്രന്ഥങ്ങള്‍ ഭാഷാന്തരം ചെയ്‌ത്‌ ലോകത്തിന്‌ സമ്മാനിച്ച പ്രായംകുറഞ്ഞ സെമിറ്റിക്‌ ഭാഷയാണിത്‌. 8-ാം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനുമിടയില്‍ ലോകസംസ്‌കാരത്തിന്റെയും നാഗരികതയുടെയും വക്താക്കളും പ്രയോക്താക്കളുമായിരുന്ന മുസ്‌ലിംകളുടെ മാതൃഭാഷ എന്ന നിലയില്‍ അറബി ഭാഷ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു. വാസ്‌കോഡഗാമയും കൊളംബസും ലോക സഞ്ചാരത്തിനുപയോഗിച്ച ഭൂപടം അറബി ഭാഷയിലായിരുന്നു എന്നറിയുമ്പോള്‍ അറബി ഭാഷയുടെ ഗതകാല മഹത്വം ഊഹിക്കാവുന്നതാണ്‌. ആള്‍ജിബ്രയുടെയും അരിത്‌മാറ്റിക്‌സിന്റെയും അടിസ്ഥാന ഭാഷയാണ്‌ അറബി. സമഗ്രവും അന്താരാഷ്‌ട്രീയവുമായ ഒരു സംസ്‌കാരത്തിന്‌ അടിത്തറപാകി മനുഷ്യ കോടികളെ ഒരു ഏകീകൃത ചിന്താധാരയില്‍ പിടിച്ചുനിര്‍ത്താന്‍ അറബി ഭാഷയ്‌ക്കായിട്ടുണ്ട്‌. ഭൂമി ശാസ്‌ത്രത്തിന്റെ അതിര്‍ത്തികള്‍ക്കതീതമായി ജനകോടികളെ സ്വാധീനിച്ച ഭാഷയാണ്‌ അറബി. ഭൂമുഖത്ത്‌ ഏറ്റവുമധികം പാരായണം ചെയ്യപ്പെടുന്ന വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയാണിത്‌. സംസാരം കേട്ടാല്‍ ഒരു അന്ധനു പോലും അപരന്‍ സ്‌ത്രീയോ പുരുഷനോ എന്ന്‌ നിഷ്‌പ്രയാസം മനസ്സിലാക്കാവുന്ന ഭാഷ. മറ്റു ഭാഷകളെ അപേക്ഷിച്ച്‌ അക്ഷരങ്ങള്‍ക്ക്‌ വളരെ കുറഞ്ഞ സ്ഥലം മതിയാകുന്നതിനാല്‍ കമ്പ്യൂട്ടറിലും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ ശാസ്‌ത്രീയ ഭാഷ, കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുറ്റ ഭാഷ എന്നീ നിലകളില്‍ അറബി ഭാഷ മറ്റു ഭാഷകളില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്നു. കമ്പ്യൂട്ടര്‍-ശൂന്യാകാശ യുഗത്തിലും അറബി ഭാഷയുടെ നിസ്‌തുലമായ പ്രസക്തിയാണ്‌ ഇത്‌ വിളിച്ചോതുന്നത്‌.

അറബി നോവലിസ്റ്റ്‌ നജീബ്‌ മഹ്‌ഫൂള്‌ നോബല്‍ സമ്മാനം നേടിയതോടെ അറബിഭാഷ പഠിക്കാന്‍ ധാരാളം പാശ്ചാത്യര്‍ താല്‍പര്യം കാണിക്കുന്നുണ്ട്‌. പാശ്ചാത്യ പൗരസ്‌ത്യ നാടുകളിലെ അനേകം യൂനിവേഴ്‌സിറ്റികളില്‍ അറബി ഭാഷ പഠിപ്പിക്കപ്പെടുന്നുണ്ട്‌. നജീബിന്റെ കൃതികളെല്ലാം ലോക ഭാഷകളിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. പാശ്ചാത്യര്‍ നജീബ്‌, ത്വാഹാ ഹുസൈന്‍, ഖലീല്‍ ജിബ്രാന്‍ തുടങ്ങിയവരുടെ കൃതികളും, മുഹമ്മദ്‌ ദര്‍വീശ്‌, അഡോനീസ്‌ തുടങ്ങിയവരുടെ കവിതകളും വായിക്കാന്‍ അനല്‍പമായ അഭിനിവേശമാണ്‌ കാണിക്കുന്നത്‌. അറബി ഭാഷ അതിന്റെ മുന്നോട്ടുള്ള ഗമനത്തില്‍ പതിന്മടങ്ങ്‌ ത്വരിതഗതിയിലായിരിക്കുമെന്നതില്‍ സന്ദേഹത്തിന്നവകാശമില്ല

Make a Free Website with Yola.